Ex-Google Techie; വലിയ ശമ്പളമുള്ള വൈറ്റ് കോളർ ജോലികൾ ഉപേക്ഷിച്ച് സ്വന്തം ഇഷ്ടത്തിന് പിന്നാലെ പോകുന്നവരുടെ കഥകൾ നാം കേട്ടിട്ടുണ്ട്. എന്നാൽ 14 വർഷത്തെ ഉജ്ജ്വലമായ ടെക് കരിയറും വർഷം നാലരക്കോടി രൂപയോളം വരുന്ന ശമ്പളവും വേണ്ടെന്ന് വെച്ച് ഒരാൾ ബാർബിക്യു (BBQ) വിൽക്കാൻ ഇറങ്ങിയാലോ? അത്തരത്തിൽ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് മുൻ ഗൂഗിൾ ജീവനക്കാരനായ സലാഹുദ്ദീൻ അബ്ദുൽ-കാഫി.
മൈക്രോസോഫ്റ്റ്, ഗൂഗിൾ, യൂട്യൂബ് തുടങ്ങിയ ലോകോത്തര കമ്പനികളിൽ ഉന്നത തസ്തികകളിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ് 35-കാരനായ സലാഹുദ്ദീൻ. വർഷം തോറും 4.25 കോടി രൂപയായിരുന്നു (450,000 ഡോളർ) അദ്ദേഹത്തിന് പ്രതിഫലമായി ലഭിച്ചിരുന്നത്. എന്നാൽ, പണത്തിന് പിന്നാലെയുള്ള ടെക് ലോകത്തെ ഓട്ടം അദ്ദേഹത്തിന് മടുപ്പിച്ചു. കേവലം ലാഭമുണ്ടാക്കുന്നതിനേക്കാൾ ഉപരി മനുഷ്യരുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കുന്ന എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഇത്രയും വലിയൊരു ജോലി ഉപേക്ഷിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
സാൻഫ്രാൻസിസ്കോയിലെ ആഡംബര ജീവിതം ഉപേക്ഷിച്ച് ടെക്സസിലേക്ക് മാറിയ സലാഹുദ്ദീൻ, ആദ്യം ഒരു ചാരിറ്റി സ്ഥാപനത്തിലാണ് ചേർന്നത്. ഒഴിവുസമയങ്ങളിൽ സുഹൃത്തുക്കൾക്കായി അദ്ദേഹം വീട്ടിൽ ബാർബിക്യു തയ്യാറാക്കി നൽകുമായിരുന്നു. അദ്ദേഹം ഉണ്ടാക്കുന്ന വിഭവങ്ങളുടെ വ്യത്യസ്തമായ രുചി സുഹൃത്തുക്കൾക്കിടയിൽ വലിയ ചർച്ചയായി. ഇത് ഒരു ബിസിനസ് ആയി തുടങ്ങിയാലോ എന്ന ചിന്ത അവിടെ നിന്നാണ് ഉടലെടുത്തത്. 2024 ഡിസംബറിൽ അദ്ദേഹം ‘കാഫി ബിബിക്യു’ എന്ന പേരിൽ ഒരു ഹലാൽ റെസ്റ്റോറന്റ് ആരംഭിച്ചു. മൂന്ന് ദിവസത്തേക്ക് കണക്കാക്കി തയ്യാറാക്കിയ ഭക്ഷണസാധനങ്ങൾ വെറും ഒരു ദിവസം കൊണ്ട് വിറ്റുതീർന്നു എന്നതായിരുന്നു ആ ബിസിനസിന്റെ ആദ്യ വിജയം. അതോടെ സലാഹുദ്ദീന് പിന്നോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
കഴിഞ്ഞ വർഷം മാത്രം 21.7 കോടി രൂപയുടെ (2.3 മില്യൺ ഡോളർ) ബിസിനസ് ആണ് അദ്ദേഹത്തിന്റെ റെസ്റ്റോറന്റ് നടത്തിയത്. ഈ വർഷം അത് 37.8 കോടി രൂപയായി (4 മില്യൺ ഡോളർ) ഉയരുമെന്നാണ് കണക്കാക്കുന്നത്. ഗൂഗിളിൽ ലഭിച്ചിരുന്ന ശമ്പളത്തേക്കാൾ എത്രയോ മടങ്ങ് വലിയ തുകയാണ് ഇന്ന് അദ്ദേഹത്തിന്റെ റെസ്റ്റോറന്റ് സമ്പാദിക്കുന്നത്. എന്നാൽ ഇതിലൊരു കൗതുകകരമായ വസ്തുതയുണ്ട്. ഇത്രയധികം വരുമാനം ലഭിച്ചിട്ടും സലാഹുദ്ദീൻ ഇതുവരെ സ്വന്തമായി ഒരു രൂപ പോലും ശമ്പളം എടുത്തിട്ടില്ല. തന്റെ പഴയ സമ്പാദ്യത്തിൽ നിന്നാണ് അദ്ദേഹം ഇപ്പോഴും ജീവിക്കുന്നത്.
പുറമെ കാണുന്ന അത്ര എളുപ്പമല്ല ഒരു റെസ്റ്റോറന്റ് ബിസിനസ് എന്ന് സലാഹുദ്ദീൻ സാക്ഷ്യപ്പെടുത്തുന്നു. ബിസിനസ് തുടങ്ങാനായി ഏകദേശം 8.5 കോടി രൂപയോളം അദ്ദേഹം നിക്ഷേപിച്ചിരുന്നു. റെസ്റ്റോറന്റ് നടത്താൻ മാസത്തിൽ ഏകദേശം 1.8 കോടി രൂപയോളം ചെലവ് വരുന്നുണ്ട്. ഇതിൽ ഭക്ഷണത്തിനുള്ള സാധനങ്ങൾ വാങ്ങാൻ മാത്രം ഒരു കോടിയിലധികം രൂപ വേണം. കൂടാതെ തൊഴിലാളികളുടെ ശമ്പളം, വാടക, മാർക്കറ്റിംഗ് എന്നിങ്ങനെ ഭീമമായ തുകകൾ വേറെയും. എങ്കിലും തന്റെ തീരുമാനത്തിൽ സലാഹുദ്ദീൻ അഭിമാനിക്കുന്നു. പണത്തേക്കാൾ ഉപരി സ്വന്തം പാഷന് പ്രാധാന്യം നൽകിയാൽ വിജയവും പണവും തേടിവരും എന്നതിന് ഉത്തമ ഉദാഹരണമാണ് സലാഹുദ്ദീന്റെ ഈ ജീവിതകഥ. കോർപ്പറേറ്റ് ലോകത്തെ സമ്മർദ്ദങ്ങളിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഇതൊരു വലിയ പ്രചോദനമാണ്.