Indian Citizenship Restoration; ഇന്ത്യക്കാരിയായി മരിക്കണം! അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച് 94-കാരി

Indian Citizenship Restoration; അമേരിക്കയോ കാനഡയോ പോലുള്ള വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നത് പല ഇന്ത്യക്കാർക്കും വലിയൊരു അഭിമാനവും സാമൂഹിക പദവിയുടെ അടയാളവുമാണ്. എന്നാൽ പ്രായം നൂറിനോടടുക്കുമ്പോഴും, ലോകത്തിന്റെ ഏത് കോണിൽ ജീവിച്ചാലും ഒരു ഇന്ത്യക്കാരനായി അറിയപ്പെടുന്നതിനേക്കാൾ വലിയ മറ്റൊന്നുമില്ലെന്ന് തെളിയിക്കുകയാണ് ഈ 94 കാരിയായ ഈ അമ്മ. തന്റെ ജന്മനാടായ ആന്ധ്രാപ്രദേശിലെ ഗ്രാമത്തിൽ ഒരു ഇന്ത്യക്കാരിയായി മരിക്കണം എന്ന ആഗ്രഹത്തോടെയാണ് 94 വയസ്സുള്ള യുഎസ് പൗരയായ കൊണ്ട്രഗുണ്ട മഹാലക്ഷ്മമ്മ ഇന്ത്യൻ പൗരത്വം പുനഃസ്ഥാപിക്കാനായി അപേക്ഷ നൽകിയത്. ചൊവ്വാഴ്ച ബാപ്പട്ട്‌ല ജില്ലാ കളക്ടർ വി. വിനോദ് കുമാറിന് മുന്നിലാണ് ഈ വികാരാധീനമായ അപേക്ഷ എത്തിയത്. ആന്ധ്രാപ്രദേശിലെ ചിന്നഗഞ്ചം മണ്ഡലത്തിലെ ചിന്തഗുമ്പാല ഗ്രാമ സ്വദേശിയായ മഹാലക്ഷ്മമ്മ, ഭർത്താവ് നാഗഭൂഷണത്തിന്റെ മരണശേഷമാണ് മകനോടൊപ്പം താമസിക്കാൻ അമേരിക്കയിലേക്ക് മാറിയത്. അവിടെ പ്രശസ്ത ഓങ്കോളജിസ്റ്റായ മകൻ ഡോ. കെ. ബുച്ചയ്യ ചൗധരിക്കൊപ്പം താമസിക്കവേ 2000 ജൂലൈയിൽ അവർ യുഎസ് പൗരത്വം സ്വീകരിച്ചു. ഏകദേശം രണ്ട് പതിറ്റാണ്ടോളം വിദേശത്ത് താമസിച്ച ശേഷം 2018-ലാണ് അവർ ഇന്ത്യയിലേക്ക് മടങ്ങിയെത്തി സ്വന്തം ഗ്രാമത്തിൽ താമസമാക്കിയത്.
മടങ്ങിയെത്തിയ ശേഷം അവർ സ്വമേധയാ യുഎസ് പൗരത്വം ഉപേക്ഷിക്കുകയും ഇന്ത്യൻ പൗരത്വം വീണ്ടെടുക്കുന്നതിനായി ഓൺലൈനായി അപേക്ഷിക്കുകയും ചെയ്തു. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ഔദ്യോഗിക നിർദ്ദേശപ്രകാരം തെലുങ്ക് ഭാഷയിൽ അവർ സത്യപ്രതിജ്ഞ ചൊല്ലി. ഇന്ത്യൻ ഭരണഘടനയോട് വിശ്വസ്തത പുലർത്തുമെന്നും ഒരു പൗരനെന്ന നിലയിലുള്ള കടമകൾ നിറവേറ്റുമെന്നും അവർ പ്രതിജ്ഞയെടുത്തു. വയോധികയായതിനാൽ സത്യപ്രതിജ്ഞാ വാചകങ്ങൾ തെലുങ്കിൽ അച്ചടിച്ച് നൽകുകയും അത് വായിക്കാൻ മകൻ സഹായിക്കുകയും ചെയ്തു.
നിലവിൽ മഹാലക്ഷ്മമ്മയ്ക്ക് ഒസിഐ പദവിയാണുള്ളത്. ജീവിതത്തിന്റെ അവസാന നാളുകൾ ജന്മനാട്ടിൽ ചെലവഴിക്കണമെന്നും ഒരു ഇന്ത്യക്കാരിയായി മരിക്കണമെന്നുമാണ് അവരുടെ ശക്തമായ ആഗ്രഹം. ഇതനുസരിച്ചാണ് അവർ മകനോടൊപ്പം നടപടിക്രമങ്ങൾക്കായി എത്തിയത്, കളക്ടർ വിനോദ് കുമാർ പറഞ്ഞു. അവരുടെ അപേക്ഷയും റിപ്പോർട്ടും ഇപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. ബാക്കിയുള്ള കാലം സ്വന്തം നാട്ടിൽ ജീവിക്കണമെന്നും തന്റെ അന്ത്യകർമങ്ങൾ ഇന്ത്യയിൽ തന്നെ നടത്തണമെന്നുമാണ് മഹാലക്ഷ്മമ്മ ഉദ്യോഗസ്ഥരോട് പറഞ്ഞത്. അവിടെ കൂടിയിരുന്ന എല്ലാവർക്കും അത് വളരെ വൈകാരികമായ ഒരു നിമിഷമായിരുന്നു, എന്ന് കളക്ടർ കൂട്ടിച്ചേർത്തു. പൗരത്വ നിയമങ്ങൾക്കനുസരിച്ചുള്ള എല്ലാ നടപടികളും ജില്ലാ ഭരണകൂടം പൂർത്തിയാക്കിയിട്ടുണ്ട്. അന്തിമ തീരുമാനം ഇനി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Job Malayali - WordPress Theme by WPEnjoy