Ancient Maya City; കാടുമൂടിയ വിസ്മയം: ആരും കാണാത്ത മായൻ സാമ്രാജ്യം മെക്സിക്കോയിൽ കണ്ടെത്തി

Ancient Maya City; ആയിരം വർഷത്തിലേറെയായി പുറംലോകത്തിന് അജ്ഞാതമായി, പ്രകൃതിയുടെ സംരക്ഷണത്തിൽ കിടന്നിരുന്ന ഒരു പുരാതന മായൻ നഗരം തെക്കൻ മെക്സിക്കോയിലെ കൊടുംകാടിനുള്ളിൽ കണ്ടെത്തി. അടുത്ത കാലത്തെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കണ്ടെത്തലുകളിലൊന്നായാണ് വിദഗ്ധർ ഇതിനെ വിശേഷിപ്പിക്കുന്നത്. മെക്സിക്കോയിലെ കാമ്പെഷെ സംസ്ഥാനത്തെ കലക്മുൾ ബയോസ്ഫിയർ റിസർവിനുള്ളിലെ ഉൾവനത്തിലാണ് ‘മിനാൻബെ’ എന്ന് പേരിട്ടിരിക്കുന്ന ഈ നഗരം സ്ഥിതി ചെയ്യുന്നത്. യുക്കാറ്റെക് മായൻ ഭാഷയിൽ ‘റോഡില്ലാത്ത ഇടം’ എന്നാണ് ‘മിനാൻബെ’ എന്ന വാക്കിനർത്ഥം. അത്രമേൽ ദുർഘടമായ പാതയിലൂടെ സ‍ഞ്ചരിച്ചാണ് ഗവേഷക സംഘം ഇവിടെയെത്തിയത്. സ്ലോവേനിയൻ അക്കാദമി ഓഫ് സയൻസസ് ആൻഡ് ആർട്സിലെ പുരാവസ്തു ഗവേഷകൻ ഇവാൻ സ്പ്രാജ്ചിന്റെ നേതൃത്വത്തിലുള്ള മെക്സിക്കൻ-സ്ലോവേനിയൻ സംയുക്ത സംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ. ഏകദേശം 43 അടി ഉയരമുള്ള (നാല് നില കെട്ടിടത്തിന്റെ ഉയരം) ഒരു കൂറ്റൻ പിരമിഡ് ക്ഷേത്രം ഇവിടെയുണ്ട്. ആകാശത്ത് നിന്ന് ലിഡാർ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 15 ഹെക്ടറോളം വ്യാപിച്ചുകിടക്കുന്ന ഒരു വലിയ നഗരമാണിതെന്ന് വ്യക്തമായി. കൊത്തുപണികളോടു കൂടിയ 14 സ്തൂപങ്ങൾ, അൾത്താരകൾ, വിശാലമായ പ്ലാസകൾ , കൊട്ടാരങ്ങൾ, പ്രാർത്ഥനാ കേന്ദ്രങ്ങൾ എന്നിവ ഇവിടെയുണ്ട്. നഗരത്തിൽ കൃത്യമായ ആസൂത്രണത്തോടെ നിർമ്മിച്ച ജലസേചന സംവിധാനങ്ങളും കനാലുകളും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. എ.ഡി. 7 മുതൽ 12 വരെയുള്ള നൂറ്റാണ്ടുകളിൽ നിലനിന്നിരുന്ന ‘റിയോ ബെക്’ (Rio Bec) വാസ്തുവിദ്യാ ശൈലിയിലാണ് ഇവിടുത്തെ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഈ നഗരത്തിൽ മോഷണശ്രമങ്ങളോ വനനശീകരണമോ നടന്നിട്ടില്ല എന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. വനത്തിനുള്ളിലൂടെ കിലോമീറ്ററുകളോളം മരങ്ങൾ വെട്ടിത്തെളിച്ചും ദുർഘടമായ പാതകളിലൂടെ യാത്ര ചെയ്തുമാണ് പുരാവസ്തു ഗവേഷകരായ വിറ്റാൻ വുജനോവിച്ച്, അറ്റാസ്റ്റ ഫ്ലോറസ് എസ്ക്വിവൽ, ഇസ്രായേൽ ചാറ്റോ ലോപ്പസ്, ക്വിന്റിൻ ഹെർണാണ്ടസ് ഗോമസ് എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തിയത്. എ.ഡി. 600-900 കാലഘട്ടത്തിൽ ഈ നഗരം വളരെ സജീവമായിരുന്നുവെന്നും കൃഷിയിലും വ്യാപാരത്തിലും പ്രധാന പങ്ക് വഹിച്ചിരുന്നുവെന്നും കരുതപ്പെടുന്നു. പിൽക്കാലത്തുണ്ടായ യുദ്ധങ്ങളോ മറ്റ് ബാഹ്യ ഇടപെടലുകളോ ആകാം ഈ നഗരത്തിന്റെ തകർച്ചയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വരും ദിവസങ്ങളിൽ കൂടുതൽ പഠനങ്ങളിലൂടെ മായൻ സംസ്കാരത്തിന്റെ രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചും പതനത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Job Malayali - WordPress Theme by WPEnjoy