Toxic Work Culture;അവധിയില്ല, ടോയ്‌ലറ്റില്ല, മാനസിക പീഡനം മാത്രം; 20 ലക്ഷം വേണ്ടെന്ന് വെച്ച് എഞ്ചിനീയർ, ചർച്ചയായി തൊഴിലിടങ്ങളിലെ ക്രൂരത

Toxic Work Culture; ലക്ഷങ്ങൾ ശമ്പളമുള്ള ഒരു സർക്കാർ ജോലി എന്നത് ഏതൊരു ഉദ്യോഗാർത്ഥിയുടെയും സ്വപ്നമാണ്. എന്നാൽ, വർഷം 20 ലക്ഷം രൂപ ശമ്പളമുള്ള മഹാരത്ന പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ (BPCL) ജോലി വെറും രണ്ട് വർഷത്തിനുള്ളിൽ രാജിവെച്ചിരിക്കുകയാണ് ഹരിയാന സ്വദേശിയായ സൗരഭ് മിത്തൽ. പുറംലോകം കരുതുന്നതുപോലെയല്ല ഇത്തരം സ്ഥാപനങ്ങളിലെ തൊഴിൽ സാഹചര്യങ്ങളെന്ന് തുറന്നുപറഞ്ഞുകൊണ്ടാണ് ഈ 25-കാരന്റെ രാജി. എൻഐടി കുരുക്ഷേത്രയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ സൗരഭ് തന്റെ 22-ാം വയസ്സിലാണ് ബിപിസിഎല്ലിൽ ചേരുന്നത്. സിലിഗുരിയിലെ ലൂബ് സെയിൽസ് വിഭാഗത്തിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവായായിരുന്നു നിയമനം. എന്നാൽ താൻ ജോലി ചെയ്തിരുന്ന ഓഫീസിൽ കുടിവെള്ളമോ ടോയ്‌ലറ്റോ പോലുമില്ലായിരുന്നുവെന്ന് സൗരഭ് വെളിപ്പെടുത്തുന്നു. സിലിഗുരിയിലെ ഒരു വെയർഹൗസിലായിരുന്നു എന്റെ ഓഫീസ്. അവിടെ ഒരു ടോയ്‌ലറ്റ് പണിയുന്നതിനായി ഞാൻ മാനേജ്‌മെന്റിനെയും എച്ച്ആറിനെയും പലതവണ സമീപിച്ചു. എന്നാൽ ഒരു ടോയ്‌ലറ്റ് നിർമ്മിക്കുന്നതുകൊണ്ട് കമ്പനിക്ക് എന്ത് ലാഭമാണ് (ROI) ഉള്ളതെന്നാണ് ഫിനാൻസ് വിഭാഗം ചോദിച്ചത്. എച്ച്ആർ ആകട്ടെ ഇതൊരു ബിസിനസ്സ് പ്രശ്നമാണെന്നും തങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്നും പറഞ്ഞ് കൈയൊഴിഞ്ഞു, സൗരഭ് പറഞ്ഞു. ഭാഗ്യത്തിന് താമസസ്ഥലം ഓഫീസിന് തൊട്ടടുത്തായതുകൊണ്ട് പ്രാഥമിക ആവശ്യങ്ങൾക്കായി ഓരോ തവണയും വീട്ടിലേക്ക് ഓടേണ്ടി വരുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മാത്രമല്ല, മാനസികമായ സമ്മർദ്ദവും തന്നെ ജോലി വിടാൻ പ്രേരിപ്പിച്ചുവെന്ന് സൗരഭ് പറയുന്നു. അവധി എന്നത് അവിടെ അന്യമായ പദമായിരുന്നു. ഞായറാഴ്ചകളിൽ പോലും ജോലി സംബന്ധമായ കോളുകൾ വരും. പാതിരാത്രി വരെ മീറ്റിംഗുകൾ നീളും. ഇതിനെല്ലാം പുറമെ, മേലുദ്യോഗസ്ഥരുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി നിൽക്കേണ്ടി വരുന്ന അവസ്ഥയും ഉണ്ടായിരുന്നു.
എയർപോർട്ടിൽ പോയി സീനിയർ ഉദ്യോഗസ്ഥരെ പിക്ക് ചെയ്യുക, അവർക്കായി ഹോട്ടൽ ബുക്ക് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചെയ്യേണ്ടി വന്നു. ഫോൺ കോളുകളിലും വീഡിയോ കോൺഫറൻസുകളിലും ഉദ്യോഗസ്ഥരോട് ആക്രോശിക്കുന്നതും ചീത്ത വിളിക്കുന്നതും അവിടെ സ്വാഭാവികമായ കാര്യമായിരുന്നു. ഇതിനൊന്നും ഒരു മാറ്റവും ഉണ്ടാകില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് രാജി തീരുമാനമെടുത്തത്, സൗരഭ് വ്യക്തമാക്കി.

പൊതുമേഖലാ സ്ഥാപനത്തിലെ ജോലി രാജിവെക്കാനുള്ള തീരുമാനം സൗരഭിന്റെ അച്ഛന് അംഗീകരിക്കാൻ പ്രയാസമായിരുന്നു. ഹരിയാനയിലെ കൈത്താൽ എന്ന ചെറിയ നഗരത്തിൽ നിന്നുള്ള കുടുംബത്തിന് ബിപിസിഎൽ പോലുള്ള കമ്പനിയിലെ ജോലി വലിയ സാമൂഹിക പദവിയായിരുന്നു നൽകിയിരുന്നത്. എന്നാൽ തന്റെ മകൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് കണ്ട അമ്മ മകന്റെ തീരുമാനത്തെ പിന്തുണച്ചു.
നിലവിൽ ഗുഡ്ഗാവിലുള്ള സൗരഭ് ഉപരിപഠനത്തിനായി എംബിഎയ്ക്ക് ചേർന്നിരിക്കുകയാണ്. കരിയറിനെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കാനാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറയുന്നു. പഠനത്തോടൊപ്പം തന്നെ ചിലവുകൾക്കായി സോഷ്യൽ മീഡിയയിൽ കണ്ടന്റ് ക്രിയേഷൻ മേഖലയിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. തന്റെ അനുഭവം പങ്കുവെക്കുന്നതിലൂടെ, കരിയർ തിരഞ്ഞെടുക്കുന്ന യുവതലമുറയ്ക്ക് സത്യസന്ധമായ ഒരു ചിത്രം നൽകാനാണ് സൗരഭ് ആഗ്രഹിക്കുന്നത്. ശമ്പളത്തേക്കാൾ പ്രധാനം അന്തസ്സുള്ള തൊഴിൽ സാഹചര്യങ്ങളാണെന്ന് ഈ യുവാവിന്റെ അനുഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Job Malayali - WordPress Theme by WPEnjoy