Insurance Claim Rejection; ഇൻഷുറൻസ് അപേക്ഷ സമർപ്പിക്കാൻ ആറ് വർഷത്തെ കാലതാമസം ഉണ്ടായെങ്കിലും പരാതിക്കാരിയായ വിധവയ്ക്ക് അഞ്ച് ലക്ഷം രൂപ ഇൻഷുറൻസ് തുക നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് (എസ്.ബി.ഐ) ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഭർത്താവിന്റെ പെട്ടെന്നുള്ള മരണം ഏൽപ്പിച്ച മാനസികാഘാതത്തിൽ നിന്ന് കരകയറാൻ സമയമെടുക്കുമെന്നും, സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇൻഷുറൻസ് നിഷേധിക്കുന്നത് നീതിയല്ലെന്നും നാഗ്‌പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വ്യക്തമാക്കി. ഇൻഷുറൻസ് ആനുകൂല്യങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെടുന്ന ബാങ്കുകൾക്ക്, അപേക്ഷ നൽകാനുള്ള ’90 ദിവസത്തെ സമയപരിധി’ ഒരു ആയുധമായി ഉപയോഗിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇൻഷുറൻസ് തുകയായ അഞ്ച് ലക്ഷത്തിന് പുറമെ, പരാതി നൽകിയ 2019 സെപ്റ്റംബർ മുതലുള്ള ആറ് ശതമാനം പലിശയും യുവതിക്ക് നൽകണം. കൂടാതെ, മാനസിക വിഷമത്തിന് 10,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും ബാങ്ക് നൽകേണ്ടി വരും.
2013 സെപ്റ്റംബറിലാണ് യുവതിയുടെ ഭർത്താവ് റോഡപകടത്തിൽ മരിച്ചത്. അദ്ദേഹത്തിന് എസ്.ബി.ഐയുടെ ട്രൈ ജംഗ്ഷൻ ബ്രാഞ്ചിൽ അക്കൗണ്ടും ഡെബിറ്റ് കാർഡും ഉണ്ടായിരുന്നു. ഡെബിറ്റ് കാർഡ് ഉടമകൾക്ക് അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്ന വിവരം ബാങ്ക് രഹസ്യമാക്കി വെച്ചു. ഭർത്താവിന്റെ വേർപാടിൽ തളർന്ന യുവതി വർഷങ്ങൾക്ക് ശേഷമാണ് ഈ ആനുകൂല്യത്തെക്കുറിച്ച് അറിയുന്നതും 2019-ൽ ബാങ്കിനെ സമീപിക്കുന്നതും. എന്നാൽ അപേക്ഷ നൽകാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് ഇത് നിരസിക്കുകയായിരുന്നു.
യുവതിയുടെ ഭർത്താവ് ഉപയോഗിച്ചിരുന്നത് ‘മാസ്റ്റർകാർഡ് ക്ലാസിക്’ ആണെന്നും അതിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലെന്നുമാണ് ബാങ്ക് വാദിച്ചത്. എന്നാൽ ഇതിന് കൃത്യമായ രേഖകൾ ഹാജരാക്കാൻ ബാങ്കിന് കഴിഞ്ഞില്ല. സമാനമായ മറ്റ് കാർഡ് ഉടമകൾക്ക് ഇൻഷുറൻസ് നൽകുമ്പോൾ ഒരു ഉപഭോക്താവിനോട് മാത്രം വിവേചനം കാണിക്കുന്നത് സേവനത്തിലെ വീഴ്ചയാണെന്ന് കോടതി പറഞ്ഞു. ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ മാനസികാഘാതം അനുഭവിക്കുന്നതും ആ ദുഃഖത്തിൽ നിന്ന് മുക്തയാകാൻ സമയമെടുക്കുന്നതും സ്വാഭാവികമാണ്, കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. ഇൻഷുറൻസ് നിബന്ധനകളെക്കുറിച്ച് ഉപഭോക്താവിനെയോ അനന്തരാവകാശികളെയോ മുൻകൂട്ടി അറിയിക്കേണ്ട ഉത്തരവാദിത്തം ബാങ്കിനുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.