health insurance; ഇന്ത്യയിലെ പൊതു ഇൻഷുറൻസ് മേഖലയിൽ ആരോഗ്യ ഇൻഷുറൻസ് വിഭാഗം അതിന്റെ ആധിപത്യം വീണ്ടും ഉറപ്പിക്കുന്നു. 2026 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം, ആരോഗ്യ ഇൻഷുറൻസിന്റെ വിപണി വിഹിതം മുൻവർഷത്തെ 38.6 ശതമാനത്തിൽ നിന്ന് 40.8 ശതമാനമായി ഉയർന്നു. ഈ കാലയളവിൽ ആരോഗ്യ ഇൻഷുറൻസ് വിഭാഗത്തിലെ പ്രീമിയം വരുമാനം 15.4 ശതമാനം വർധിച്ച് ഏകദേശം 1.4 ലക്ഷം കോടി രൂപയിലെത്തി. നോൺ-ലൈഫ് ഇൻഷുറൻസ് മേഖലയുടെ ആകെ വളർച്ചാ നിരക്കായ 9.3 ശതമാനത്തേക്കാൾ വളരെ കൂടുതലാണിത്. ഇൻഡസ്ട്രിയുടെ മൊത്തം പ്രീമിയം വരുമാനം (Gross direct premium income) ഈ വർഷം ഏകദേശം 3.4 ലക്ഷം കോടി രൂപയായിരുന്നു. ആകെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയമായ 1,37,144.5 കോടി രൂപയിൽ 32.7 ശതമാനവും (44,863.7 കോടി രൂപ) സംഭാവന ചെയ്തത് പ്രത്യേക ആരോഗ്യ ഇൻഷുറൻസ് കമ്പനികളാണ് (Standalone health insurers). 21,531.5 കോടി രൂപയുടെ പ്രീമിയവും 15.7 ശതമാനം വിപണി വിഹിതവുമായി ‘ന്യൂ ഇന്ത്യ അഷ്വറൻസ്’ ആണ് ഈ മേഖലയിൽ ഒന്നാമത്. 18,435 കോടി രൂപയുമായി ‘സ്റ്റാർ ഹെൽത്ത് ആന്റ് അലൈഡ് ഇൻഷുറൻസ്’ (13.4%) തൊട്ടുപിന്നിലുണ്ട്.
കെയർ ഹെൽത്ത് ഇൻഷുറൻസ്: 9,768.4 കോടി രൂപ (7.1%)
ഐസിഐസിഐ ലോംബാർഡ്: 8,617.3 കോടി രൂപ (6.3%)
നിവ ബുപ ഹെൽത്ത് ഇൻഷുറൻസ്: 8,479.7 കോടി രൂപ (6.2%)
പ്രത്യേക ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ 19.4 ശതമാനം എന്ന മികച്ച വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്.
മോട്ടോർ ഇൻഷുറൻസ് വിഭാഗം 32.2 ശതമാനം വിഹിതവുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു. ഏകദേശം 1.1 ലക്ഷം കോടി രൂപയാണ് ഈ വിഭാഗത്തിലെ പ്രീമിയം വരുമാനം. ഫയർ ഇൻഷുറൻസ് വിഹിതം 7.9 ശതമാനത്തിൽ നിന്ന് 8.2 ശതമാനമായി ഉയർന്നു.അപകട ഇൻഷുറൻസ് (Personal accident insurance) വിഭാഗത്തിലാണ് ഏറ്റവും വേഗത്തിലുള്ള വളർച്ച രേഖപ്പെടുത്തിയത്—35 ശതമാനം. ഇതോടെ ഇതിന്റെ വിപണി വിഹിതം 2.8 ശതമാനത്തിൽ നിന്ന് 3.5 ശതമാനമായി. എഞ്ചിനീയറിംഗ് ഇൻഷുറൻസ് 13.1 ശതമാനം വളർച്ചയോടെ 6,801.5 കോടി രൂപയുടെ പ്രീമിയം നേടി. അതേസമയം, മറൈൻ ഇൻഷുറൻസ് വിഹിതം 1.7 ശതമാനമായി കുറഞ്ഞു. ഏവിയേഷൻ (വിമാന ഇൻഷുറൻസ്) മേഖലയിലും 0.8 ശതമാനത്തിന്റെ നേരിയ ഇടിവുണ്ടായി. മിസലേനിയസ് (മറ്റ്) വിഭാഗത്തിൽ 17.6 ശതമാനത്തിന്റെ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.പൊതു ഇൻഷുറൻസ് മേഖലയിൽ മൊത്തത്തിലുള്ള കണക്കെടുത്താൽ ‘ന്യൂ ഇന്ത്യ അഷ്വറൻസ്’ തന്നെയാണ് ഒന്നാമത് (12.8% വിഹിതം). ഐസിഐസിഐ ലോംബാർഡ് (8.6%), ബജാജ് അലയൻസ് (6.9%), യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് (6.4%), ഓറിയന്റൽ ഇൻഷുറൻസ് (6.2%) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്