Ethanol Petrol Myths; ഇന്ത്യയിലെ എത്തനോൾ മിശ്രിത പദ്ധതിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ വാർത്തകൾക്കെതിരെ ശക്തമായ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം രംഗത്തെത്തി. E20 ഇന്ധനം (20 ശതമാനം എത്തനോൾ കലർന്ന പെട്രോൾ) ഉപയോഗിക്കുന്നത് എഞ്ചിൻ തകരാറിനും ഇൻഷുറൻസ് തടസ്സങ്ങൾക്കും കാരണമാകുമെന്ന പ്രചാരണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് സർക്കാർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പല വീഡിയോകളും ചിത്രങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു. ശാസ്ത്രീയമായ പരിശോധനകൾക്കും വർഷങ്ങൾ നീണ്ട പഠനങ്ങൾക്കും ശേഷമാണ് എത്തനോൾ മിശ്രിത പദ്ധതി നടപ്പിലാക്കിയതെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
എഞ്ചിൻ തകരാറും വെള്ളം കയറുന്നതും
എത്തനോൾ വെള്ളം വലിച്ചെടുക്കുമെന്നും ഇത് എഞ്ചിൻ നശിപ്പിക്കുമെന്നുമാണ് പ്രധാന പ്രചാരണം. എന്നാൽ ഇന്ധനത്തിൽ എത്തനോൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ടാങ്കിനുള്ളിൽ വെള്ളം കയറുന്നത് ഒഴിവാക്കാൻ ആധുനിക വാഹനങ്ങളിൽ പ്രത്യേക സുരക്ഷാ സംവിധാനങ്ങളുണ്ട്. 2023 മുതൽ രാജ്യവ്യാപകമായി E20 ഇന്ധനം ഉപയോഗിക്കുന്നുണ്ടെങ്കിലും, എത്തനോൾ കാരണം എഞ്ചിൻ തകരാറിലായതായി ഇതുവരെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല.
ഉറുമ്പുകൾ വരുന്നത് പഞ്ചസാര ഉള്ളതുകൊണ്ടോ?
വാഹനത്തിന്റെ ഫ്യുവൽ ടാങ്കിന് സമീപം ഉറുമ്പുകൾ കൂടുന്ന വീഡിയോകൾ അടുത്തിടെ വൈറലായിരുന്നു. എത്തനോളിൽ പഞ്ചസാര ഉള്ളതുകൊണ്ടാണ് ഇതെന്നായിരുന്നു പ്രചാരണം. എന്നാൽ ഇതിൽ ശാസ്ത്രീയമായ സത്യമില്ലെന്ന് ഭാരത് പെട്രോളിയം (BPCL) വ്യക്തമാക്കി. കരിമ്പ് നീരിൽ നിന്നോ ധാന്യങ്ങളിൽ നിന്നോ ആണ് എത്തനോൾ നിർമ്മിക്കുന്നതെങ്കിലും, വാറ്റിയെടുക്കുന്ന പ്രക്രിയയിലൂടെ (Distillation) അതിലെ പഞ്ചസാരയുടെ അംശം പൂർണ്ണമായും നീക്കം ചെയ്യപ്പെടുന്നു. എത്തനോൾ ഒരു ശുദ്ധമായ രാസവസ്തുവാണ്, അതിൽ ഉറുമ്പുകളെ ആകർഷിക്കുന്ന ഒന്നും തന്നെയില്ല.
ഇൻഷുറൻസ് ലഭിക്കില്ലേ?
E20 ഇന്ധനം ഉപയോഗിക്കുന്നത് വാഹന ഇൻഷുറൻസ് പോളിസികളെ ബാധിക്കുമെന്ന പ്രചാരണവും സർക്കാർ തള്ളിക്കളഞ്ഞു. ഇന്ധനത്തിലെ എത്തനോൾ അളവ് കാരണം ഇൻഷുറൻസ് ക്ലെയിമുകൾ നിരസിക്കപ്പെടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കരിമ്പ് നീര് നേരിട്ട് പെട്രോളിൽ കലർത്തുന്നുണ്ടോ?
കരിമ്പ് നീര് നേരിട്ട് പെട്രോളിൽ ഒഴിക്കുന്ന രീതിയിലുള്ള ചില വീഡിയോകളും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് തികച്ചും തെറ്റാണ്. കരിമ്പ് നീര്, ചോളം, കേടായ അരി തുടങ്ങിയവ അഴുകിപ്പിച്ച് , ശുദ്ധീകരിച്ച് ‘ഫ്യുവൽ ഗ്രേഡ് എത്തനോൾ’ ആക്കി മാറ്റിയ ശേഷമാണ് പെട്രോളിൽ കലർത്തുന്നത്. ഇത് നേരിട്ടുള്ള കാർഷിക ഉൽപ്പന്നമല്ല, മറിച്ച് ഒരു പ്രോസസ്സ് ചെയ്ത ഇന്ധനമാണ്.
എന്തുകൊണ്ട് ഇന്ത്യ എത്തനോളിനെ പ്രോത്സാഹിപ്പിക്കുന്നു?
ഇന്ത്യ ഒരു വർഷം ഏകദേശം 1.4 ലക്ഷം കോടി രൂപയുടെ വിദേശനാണ്യമാണ് എത്തനോൾ മിശ്രിതം വഴി ലാഭിക്കുന്നത്. ഇന്ധന ഇറക്കുമതി കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ഇത് സഹായിക്കുന്നു. കൂടാതെ, എത്തനോൾ നിർമ്മാണത്തിനായി കാർഷിക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ കർഷകർക്ക് ഏകദേശം 80,000 കോടി രൂപയുടെ വരുമാനം അധികമായി ലഭിക്കുന്നുണ്ട്. ബ്രസീൽ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ വർഷങ്ങളായി ഇന്ത്യയേക്കാൾ കൂടുതൽ അളവിൽ എത്തനോൾ കലർന്ന ഇന്ധനം വിജയകരമായി ഉപയോഗിക്കുന്നുണ്ട്. അതിനാൽ, വാട്സാപ്പിലൂടെയും മറ്റും വരുന്ന വ്യാജ വീഡിയോകൾ വിശ്വസിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ശാസ്ത്രീയമായ വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും കേന്ദ്ര സർക്കാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.