rent-a-boyfriend; ജപ്പാനിൽ ഏറെ ജനപ്രിയമായ ‘റെന്റ് എ ബോയ്ഫ്രണ്ട്’ (വാടകയ്ക്ക് കാമുകൻ) എന്ന ആശയം ഒടുവിൽ ഇന്ത്യയിലുമെത്തി. ഡൽഹി സ്വദേശിയായ ഇൻസ്റ്റാഗ്രാം ക്രിയേറ്റർ ഇഷ ഭല്ല പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഒരു വെബ്‌സൈറ്റ് വഴി താൻ ഒരു ദിവസത്തേക്ക് വാടകയ്‌ക്കെടുത്ത യുവാവിനൊപ്പം മാളിൽ സമയം ചിലവഴിക്കുന്ന ദൃശ്യങ്ങളാണ് ഇഷ പങ്കുവെച്ചത്. ‘Kopartner.in‘ എന്ന വെബ്‌സൈറ്റ് വഴിയാണ് ഇഷ ഈ സേവനം ബുക്ക് ചെയ്തത്. ഈ പ്ലാറ്റ്‌ഫോം വഴി മുതിർന്നവരുടെ പരിചരണം, ഒപ്പം പുറത്തുപോകൽ, സിനിമ കാണാൻ ഒപ്പം കൂടുക, ക്ലബ്ബിംഗ്, ഷോപ്പിംഗ് പാർട്ണർ, യാത്രാ സഹായി തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി ആളുകളെ വാടകയ്ക്ക് ലഭിക്കും. വിവിധ സേവനങ്ങൾക്കായി മണിക്കൂറിന് 1000 രൂപ മുതൽ 1500 രൂപ വരെയാണ് തുടക്ക നിരക്ക്.വെബ്‌സൈറ്റിൽ പ്രൊഫൈൽ ഉണ്ടാക്കി പണം അടച്ച ശേഷം മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്തുവെച്ചാണ് ഇഷ തനിക്ക് ലഭിച്ച കൂട്ടാളിയെ കണ്ടുമുട്ടിയത്. തുടർന്ന് ഇരുവരും മാളിലേക്ക് പോയി. മാളിൽ വെച്ച് തന്റെ ഷോപ്പിംഗ് ബാഗുകൾ ചുമക്കാനും വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനും അയാൾ സഹായിച്ചതായി ഇഷ വീഡിയോയിൽ പറയുന്നു. ഇതിനിടയിൽ തന്റെ മുൻകാമുകനെക്കുറിച്ച് ഓർത്ത് വൈകാരികമായി സംസാരിച്ചപ്പോൾ അയാൾ തന്നെ ആശ്വസിപ്പിക്കാനും തമാശകൾ പറഞ്ഞ് സന്തോഷിപ്പിക്കാനും ശ്രമിച്ചതായും ഇഷ വ്യക്തമാക്കി. ഒരു സുഹൃത്തിനൊപ്പമോ പങ്കാളിക്കൊപ്പമോ പുറത്തുപോകുന്നതുപോലെയുള്ള അനുഭവമാണിതെന്നും, തിരിച്ചുപോരും മുൻപ് അയാൾക്ക് കൃത്യമായി പണം നൽകിയതായും യുവതി കൂട്ടിച്ചേർത്തു.
നെറ്റിസൺസ് പ്രതികരണങ്ങൾ
വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇന്ത്യയിൽ ഇങ്ങനെയും ഒരു സേവനമോ എന്ന് പലരും അത്ഭുതപ്പെടുമ്പോൾ, കടുത്ത വിമർശനങ്ങളും പരിഹാസങ്ങളുമായി മറുവിഭാഗവും രംഗത്തുണ്ട്.
“നമ്മൾ ഏത് തലമുറയിലാണ് ജീവിക്കുന്നത്” എന്ന് ഒരു ഉപഭോക്താവ് ചോദിച്ചപ്പോൾ, “ഇത് വെറും വ്യാജമാണ്, ആരും പണം കളയരുത്” എന്ന് മറ്റൊരാൾ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് “തൊഴിലില്ലായ്മ അതിന്റെ പീക്കിൽ എത്തിയതിന്റെ ലക്ഷണമാണിത്” എന്നാണ് ചിലരുടെ വിമർശനം. “ഇതിൽ ജോലിക്ക് കയറാൻ എങ്ങനെയാണ് അപേക്ഷിക്കേണ്ടത്” എന്ന് തമാശയായി ചോദിക്കുന്നവരും കുറവല്ല.
എത്രയാണ് നിരക്കുകൾ? ലഭ്യമാകുന്ന നഗരങ്ങൾ ഏതൊക്കെ?
വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് സിനിമയ്ക്കും ക്ലബ്ബിംഗിനും ഒപ്പം കൂട്ടാൻ മണിക്കൂറിന് 2000 രൂപയാണ് നിരക്ക്. ഷോപ്പിംഗ് കൂട്ടാളിക്ക് മണിക്കൂറിന് 1200 രൂപയും യാത്രാ സഹായിക്ക് 2500 രൂപയും നൽകണം. മുതിർന്നവരുടെ പരിചരണം, വീട്ടുജോലികൾ എന്നിവയ്ക്ക് മണിക്കൂറിന് 1000 രൂപ മുതലാണ് ഈടാക്കുന്നത്. ഡൽഹി, മുംബൈ, കൊൽക്കത്ത, നോയിഡ, ഗുഡ്ഗാവ്, ബംഗളൂരു, അഹമ്മദാബാദ്, പൂനെ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ പ്രമുഖ ഇന്ത്യൻ നഗരങ്ങളിലെല്ലാം ഈ സേവനം ലഭ്യമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പൂർണ്ണമായും സുരക്ഷിതവും ഔദ്യോഗികമായി വെരിഫൈ ചെയ്തതുമായ പ്രൊഫഷണലുകളെയാണ് തങ്ങൾ ഉപഭോക്താക്കൾക്കായി നൽകുന്നതെന്നും വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.