Amazon; ഇന്ത്യയിലെ ക്വിക്ക് കൊമേഴ്സ് (Quick Commerce) വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ വമ്പൻ ക്യാഷ്ബാക്ക് ഓഫറുകളുമായി ആമസോൺ രംഗത്തിറങ്ങുന്നു. നിലവിൽ വിപണി ഭരിക്കുന്ന ബ്ലിങ്കിറ്റ് (Blinkit), സെപ്റ്റോ (Zepto), ഇൻസ്റ്റാമാർട്ട് തുടങ്ങിയ കമ്പനികളെ വെല്ലുവിളിച്ചുകൊണ്ട് ‘ആമസോൺ നൗ’ (Amazon Now) വഴി നടത്തുന്ന ഓരോ 200 രൂപയുടെ പർച്ചേസിനും 100 രൂപ ക്യാഷ്ബാക്കാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതായത് ഉപഭോക്താവിന് 50 ശതമാനം തുകയും തിരികെ ലഭിക്കും. 200 രൂപ മുതൽ 1400 രൂപ വരെയുള്ള ഓർഡറുകൾക്ക് 100 രൂപയും, 1400 രൂപയ്ക്ക് മുകളിലുള്ള ഓർഡറുകൾക്ക് 200 രൂപയുമാണ് ആമസോൺ പേ പോയിന്റുകളായി തിരികെ നൽകുന്നത്. മറ്റ് ക്വിക്ക് കൊമേഴ്സ് കമ്പനികൾക്ക് സ്വപ്നം കാണാൻ പോലും കഴിയാത്തത്ര വലിയ ഓഫറുകൾ നൽകി വിപണി പിടിച്ചെടുക്കുകയാണ് ലക്ഷ്യം.
അമിത് അഗർവാളിന്റെ തിരിച്ചുവരവ്
ആമസോൺ ഇന്ത്യയുടെ മുൻ മേധാവിയും ജെഫ് ബെസോസിന്റെ വിശ്വസ്തനുമായ അമിത് അഗർവാളിനെയാണ് ഈ ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. ആമസോൺ ഇന്ത്യയെ മികച്ച നിലയിലെത്തിച്ച അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ‘ആമസോൺ നൗ’ വിപുലീകരിക്കാനാണ് കമ്പനിയുടെ നീക്കം. നിലവിൽ 750-800 ഡാർക്ക് സ്റ്റോറുകൾ (Dark Stores) ആമസോണിനുണ്ട്. ബ്ലിങ്കിറ്റിന് 2200-ഓളം സ്റ്റോറുകൾ ഉണ്ടെങ്കിലും, പ്രധാന നഗരങ്ങളിൽ മികച്ച രീതിയിൽ സേവനം നൽകാൻ തങ്ങൾക്ക് കഴിയുമെന്ന് ആമസോൺ വിശ്വസിക്കുന്നു. ആമസോൺ നൗ വഴിയുള്ള ഓർഡറുകളിൽ ഓരോ മാസവും 25 ശതമാനം വളർച്ചയുണ്ടാകുന്നതായി ആമസോൺ സിഇഒ ആൻഡി ജാസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 30 മിനിറ്റിനുള്ളിൽ സാധനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്ന ഈ സേവനം പ്രൈം മെമ്പർമാർക്കിടയിൽ വലിയ താൽപ്പര്യമാണ് ഉണ്ടാക്കുന്നത്. ആമസോൺ-ഐസിഐസിഐ കാർഡ് ഉപയോഗിക്കുന്നവർക്ക് നിലവിലെ ക്യാഷ്ബാക്കിന് പുറമെ 5 ശതമാനം അധിക ഇളവ് കൂടി ലഭിക്കുന്നുണ്ട്. വലിയ സാമ്പത്തിക കരുത്തുള്ള ആമസോൺ, ക്യാഷ്ബാക്ക് യുദ്ധത്തിലൂടെ ഇന്ത്യയിലെ നിത്യോപയോഗ സാധനങ്ങളുടെ വിപണി പൂർണ്ണമായും കൈക്കലാക്കുമോ എന്നാണ് വിപണി നിരീക്ഷകർ ഇപ്പോൾ ഉറ്റുനോക്കുന്നത്. മുൻപ് ഗൂഗിൾ പേ പരീക്ഷിച്ച അതേ തന്ത്രമാണ് ഉപഭോക്താക്കളെ ആകർഷിക്കാൻ ആമസോണും ഇപ്പോൾ പയറ്റുന്നത്.