Neuroscience; എഐയുടെ അമിത ഉപയോഗം മനുഷ്യന്റെ സ്വാഭാവിക കഴിവുകളെ ഇല്ലാതാക്കുമെന്ന് മുൻപും തെളിഞ്ഞിട്ടുള്ളതാണ്. ജി.പി.എസ് (GPS) സംവിധാനം വന്നതോടെ മനുഷ്യന്റെ ദിശാബോധം മോശമായി. സെർച്ച് എഞ്ചിനുകൾ സജീവമായതോടെ ഓർമ്മശക്തിയും കുറഞ്ഞു. എന്നാൽ ഇപ്പോൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എ.ഐ (AI) നമ്മുടെ ചിന്താശേഷിയെയും സർഗ്ഗാത്മകതയെയും (Creativity) പൂർണ്ണമായി നശിപ്പിച്ചേക്കാമെന്ന ഗുരുതരമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ചാറ്റ് ജിപിടി (ChatGPT), ക്ലോഡ് (Claude) പോലുള്ള എ.ഐ ടൂളുകളെ അമിതമായി ആശ്രയിക്കുന്നവരിൽ ശ്രദ്ധക്കുറവ്, ചിന്താശേഷിക്കുറവ്, ഓർമ്മക്കുറവ് എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ചിന്തിക്കാനുള്ള തലച്ചോറിന്റെ കഠിനാധ്വാനം കുറയുമ്പോൾ, ആ കഴിവിനെ ബാധിക്കുന്ന ‘അപചയം’ (Atrophy) സംഭവിക്കാമെന്ന് യുഎസിലെ ജോർജ്ജ്ടൗൺ സർവകലാശാലയിലെ പ്രൊഫസറായ ആദം ഗ്രീൻ പറയുന്നു.
‘ജിമ്മിലെ റോബോട്ട് വ്യായാമം’ പോലെ എ.ഐ
നിങ്ങൾ ജിമ്മിൽ പോകുമ്പോൾ നിങ്ങൾക്കുവേണ്ടി ഒരു റോബോട്ടാണ് ഭാരമുയർത്തുന്നതെങ്കിൽ, നിങ്ങളുടെ ശരീരത്തിന് അതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഇതുപോലെയാണ് എ.ഐ ഉപയോഗവും. തലച്ചോറ് ചെയ്യേണ്ട കഠിനാധ്വാനം എ.ഐ ചെയ്യുമ്പോൾ നിങ്ങളുടെ ബുദ്ധിക്ക് യാതൊരു വ്യായാമവും ലഭിക്കുന്നില്ലന്ന് പ്രൊഫസർ ആദം ഗ്രീൻ പറയുന്നു.ലേഖനങ്ങളും പ്രസംഗങ്ങളും എ.ഐ ഉപയോഗിച്ച് തയ്യാറാക്കുമ്പോൾ അവ മികച്ചതായി തോന്നാം, പക്ഷേ അത് നിർമ്മിക്കാനായി തലച്ചോറ് നടത്തേണ്ടിയിരുന്ന ആലോചനകളും തെറ്റുതിരുത്തലുകളുമാണ് മനുഷ്യബുദ്ധിയെ മൂർച്ചയുള്ളതാക്കുന്നത്. എ.ഐ ഉപയോഗിക്കുന്ന 494 വിദ്യാർത്ഥികളിൽ നടത്തിയ ഒരു സർവേയിൽ ഭൂരിഭാഗം പേരും തങ്ങൾക്ക് ഓർമ്മക്കുറവ് അനുഭവപ്പെടുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. എ.ഐ ടൂളുകൾക്ക് വളരെ വേഗത്തിൽ ആശയങ്ങൾ നൽകാൻ സാധിക്കും. എന്നാൽ, സർഗ്ഗാത്മകമായ കാര്യങ്ങൾക്കായി എ.ഐ ഉപയോഗിക്കുന്നവരുടെ ചിന്തകൾ ഒരേ രീതിയിലുള്ളതും പുതുമയില്ലാത്തതുമായി മാറുന്നു എന്നാണ് ഗവേഷണങ്ങൾ പറയുന്നത്. സ്വന്തം അനുഭവങ്ങളിൽ നിന്നും ഓർമ്മകളിൽ നിന്നും പുതിയ ആശയങ്ങൾ രൂപപ്പെടുത്താനുള്ള തലച്ചോറിന്റെ ‘ക്രിയേറ്റീവ് മസിൽ’ (Creative muscle) എ.ഐ ഉപയോഗത്തിലൂടെ ദുർബലപ്പെടുന്നു.
പരിഹാര മാർഗ്ഗങ്ങൾ: തലച്ചോറിന് എങ്ങനെ വ്യായാമം നൽകാം?
എ.ഐ ഉപയോഗം പൂർണ്ണമായി നിർത്തേണ്ടതില്ലെന്നും എന്നാൽ അത് ഉപയോഗിക്കുന്ന രീതിയിൽ ചില മാറ്റങ്ങൾ വരുത്തണമെന്നും ടെക്സസ് സർവകലാശാലയിലെ പ്രൊഫസറായ ജാറെഡ് ബെഞ്ച് നിർദ്ദേശിക്കുന്നു.
ആദ്യം സ്വയം ചിന്തിക്കുക: ഒരു വിഷയത്തെക്കുറിച്ച് എ.ഐയോട് ചോദിക്കുന്നതിന് മുൻപ്, സ്വന്തമായി കുറച്ചു സമയം ചിന്തിക്കുക. നിങ്ങളുടെ ആശയങ്ങൾ എത്ര മോശമാണെങ്കിലും അവ ആദ്യം ഒരു പേപ്പറിലോ കമ്പ്യൂട്ടറിലോ കുറിച്ചുവെക്കുക. അതിനുശേഷം മാത്രം അവ മെച്ചപ്പെടുത്താൻ എ.ഐയുടെ സഹായം തേടുക.
പതിയെ വായിക്കുക, കുറിപ്പുകൾ എഴുതുക: എ.ഐ തരുന്ന വിവരങ്ങൾ പെട്ടെന്ന് വായിച്ചു തീർക്കാതെ, അവ ശ്രദ്ധയോടെ വായിച്ച് കൈകൊണ്ട് എഴുതി സൂക്ഷിക്കുക. നിങ്ങളെ സ്വയം പരീക്ഷിക്കാനായി എ.ഐയോട് ചോദ്യങ്ങൾ ചോദിക്കാൻ ആവശ്യപ്പെടുന്നതും നല്ലതാണ്.
ബുദ്ധിമുട്ടുകളെ നേരിടുക: വലിയ ലേഖനങ്ങളുടെ ചുരുക്കം (Summary) തയ്യാറാക്കാൻ ചാറ്റ് ജിപിടിയെ ഏൽപ്പിക്കാതെ അത് സ്വയം വായിക്കാൻ ശ്രമിക്കുക. കഠിനമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ തലച്ചോറിന് അല്പം ബുദ്ധിമുട്ട് നൽകുന്നത് ചിന്താശേഷി വർദ്ധിപ്പിക്കും.
മനുഷ്യന്റെ ചിന്തകൾക്കാണ് ഭാവിയിൽ മൂല്യം
വാഹനങ്ങൾ വന്നതുകൊണ്ട് മനുഷ്യൻ ഓടാൻ മറന്നിട്ടില്ല. അതുപോലെ എ.ഐ വന്നാലും മനുഷ്യന്റെ ചിന്താശേഷി പൂർണ്ണമായി ഇല്ലാതാകില്ലെന്ന് ശാസ്ത്രജ്ഞർ പ്രത്യാശിക്കുന്നു. ഡിജിറ്റൽ യന്ത്രങ്ങൾക്ക് ഒരിക്കലും അനുകരിക്കാൻ കഴിയാത്ത, തികച്ചും വ്യക്തിപരവും അപ്രതീക്ഷിതവുമായ ആശയങ്ങൾ രൂപീകരിക്കാൻ മനുഷ്യ മസ്തിഷ്കത്തിന് മാത്രമേ സാധിക്കൂ. ഭാവി ലോകത്ത് വിജയിക്കണമെങ്കിൽ എ.ഐയ്ക്ക് പുറത്ത് ചിന്തിക്കാനുള്ള ഈ മനുഷ്യസഹജമായ കഴിവ് നിലനിർത്തേണ്ടത് അനിവാര്യമാണ്.