Octopuses; ബുദ്ധിശക്തിയുടെ കാര്യത്തിൽ കടലിലെ ഏറ്റവും വിരുതന്മാരാണ് നീരാളികൾ (Octopuses) എന്ന് നമുക്കറിയാം. എന്നാൽ ഇപ്പോൾ ഗവേഷകരെ പോലും ഞെട്ടിക്കുന്ന മറ്റൊരു കഴിവ് കൂടി നീരാളികളിൽ കണ്ടെത്തിയിരിക്കുകയാണ്. കണ്ണാടിയിലെ പ്രതിബിംബം നോക്കി, നേരിട്ട് കാണാൻ കഴിയാത്ത ഇടത്തിരിക്കുന്ന ഇരയെ കൃത്യമായി കണ്ടെത്താൻ നീരാളികൾക്ക് കഴിയുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഡാർട്ട്മൗത്ത് (Dartmouth) സർവകലാശാലയിലെ ഗവേഷകരുടേതാണ് ഈ കണ്ടെത്തൽ. മനുഷ്യൻ, കുരങ്ങുകൾ, ചിലയിനം പക്ഷികൾ തുടങ്ങിയ നട്ടെല്ലുള്ള ജീവികളിൽ മാത്രം കണ്ടുവന്നിരുന്ന ഈ സവിശേഷ കഴിവ്, ഒരു നട്ടെല്ലില്ലാത്ത ജീവിയിൽ (Invertebrate) കണ്ടെത്തുന്നത് ഇതാദ്യമായാണ്. ‘കറന്റ് ബയോളജി’ എന്ന ശാസ്ത്ര മാസികയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
ഡാർട്ട്മൗത്തിലെ ലാബിലുള്ള മൂന്ന് നീരാളികളെയാണ് ഗവേഷകർ പരീക്ഷണത്തിന് വിധേയമാക്കിയത്. ഒരു പെട്ടിക്കുള്ളിലിരിക്കുന്ന നീരാളിക്ക് നേരിട്ട് കാണാൻ കഴിയാത്ത വിധം അതിന്റെ പിന്നിലായി ഒരു ഞണ്ടിന്റെ ചിത്രം (Virtual Image) ഗവേഷകർ പ്രദർശിപ്പിച്ചു. എന്നാൽ നീരാളിക്ക് മുന്നിലുള്ള കണ്ണാടിയിലൂടെ ഈ ചിത്രം കാണാമായിരുന്നു. കണ്ണാടിയിലെ ചിത്രം കണ്ട് അത് വെറുമൊരു നിഴലല്ലെന്നും, തന്റെ പിന്നിലാണ് ഇര ഇരിക്കുന്നതെന്നും മനസ്സിലാക്കി തിരിഞ്ഞു നടന്ന് ഭക്ഷണമായ ഞണ്ടിനെ സ്വന്തമാക്കാൻ നീരാളികൾക്ക് കഴിഞ്ഞു. പരീക്ഷണത്തിനിടെ 73 ശതമാനം തവണയും നീരാളികൾ ശരിയായ ദിശ തിരഞ്ഞെടുക്കുന്നതിൽ വിജയിച്ചു.
പുതുതായി വണ്ടി ഓടിക്കുന്ന ഒരാൾ റിയർ വ്യൂ മിറർ നോക്കി പുറകിലെ വാഹനങ്ങളുടെ സ്ഥാനം മനസ്സിലാക്കുന്നത് പോലെയാണ് നീരാളികൾ കണ്ണാടിയെ ഒരു ഉപകരണമായി മാറ്റിയതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ പീറ്റർ സെ പറഞ്ഞു. ഏകദേശം 35 മുതൽ 50 കോടി വർഷങ്ങൾക്ക് മുൻപ് മനുഷ്യനിൽ നിന്ന് വഴിമാറി പരിണമിച്ച ഒരു ജീവിക്ക് ഇത്രയും ഉയർന്ന ബുദ്ധിശക്തി കൈവന്നത് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നു. വ്യത്യസ്ത ജീവിവർഗ്ഗങ്ങൾ ഒരേ സാഹചര്യങ്ങളെ നേരിടാൻ സമാനമായ ബുദ്ധിശക്തി വികസിപ്പിച്ചെടുക്കുന്ന ‘കൺവെർജന്റ് എവല്യൂഷൻ’ (Convergent Evolution) എന്ന പ്രതിഭാസത്തിന്റെ ഉദാഹരണമാണിതെന്ന് ഗവേഷകയായ മേരി കീസെലർ ചൂണ്ടിക്കാട്ടുന്നു. കടലിന്റെ അടിത്തട്ടിലെ സങ്കീർണ്ണമായ പരിസരങ്ങളിൽ അതിജീവിക്കാനായി നീരാളികൾ സ്വന്തമായി ഒരു ‘മെന്റൽ മാപ്പ്’ (Mental Map) അഥവാ സ്ഥലകാല ബോധം രൂപപ്പെടുത്തിയിട്ടുണ്ടാകാമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. പണ്ട് ന്യൂസിലാന്റിലെ അക്വേറിയത്തിൽ നിന്ന് ഡ്രെയിനേജ് പൈപ്പിലൂടെ രക്ഷപ്പെട്ട ‘ഇങ്കി’ എന്ന നീരാളിയുടെ കഥ പോലെ, നീരാളികൾ എത്രത്തോളം ബുദ്ധിശാലികളാണെന്ന് തെളിയിക്കുന്നതാണ് ഈ പുതിയ പഠനവും.