Gemini Spark AI;എഐ സാങ്കേതികവിദ്യയിൽ വൻ കുതിച്ചുചാട്ടവുമായി ടെക് ഭീമന്മാരായ ഗൂഗിൾ. തങ്ങളുടെ വാർഷിക ഡെവലപ്പർ കോൺഫറൻസായ ഗൂഗിൾ ഐ/ഒ 2026-ൽ (Google I/O 2026) വിപ്ലവകരമായ നിരവധി പുതുക്കലുകളുമായാണ് കമ്പനി എത്തിയിരിക്കുന്നത്. നിലവിൽ ലോകമെമ്പാടുമുള്ള 90 കോടിയിലധികം ആളുകൾ ഉപയോഗിക്കുന്ന ജെമിനി ആപ്പ്, ഇനി വെറുമൊരു ചാറ്റ്ബോട്ട് എന്നതിനപ്പുറം മനുഷ്യരെപ്പോലെ സ്വയം ചിന്തിച്ച് കാര്യങ്ങൾ ചെയ്യുന്ന ഒരു ‘എഐ ഏജൻ്റായി’ മാറാൻ പോവുകയാണ്. വേഗതയേറിയ പ്രവർത്തനങ്ങൾക്കായി ‘ജെമിനി 3.5 ഫ്ലാഷ്’, സിനിമാറ്റിക് വീഡിയോകൾ നിർമ്മിക്കാൻ ‘ജെമിനി ഓംനി’, കൂടാതെ ഉപയോക്താക്കൾക്കായി 24 മണിക്കൂറും ബാഗ്രൗണ്ടിൽ ജോലി ചെയ്യുന്ന ‘ജെമിനി സ്പാർക്’ (Gemini Spark) എന്ന പേഴ്‌സണൽ അസിസ്റ്റന്റ് എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടത്.
എന്താണ് ‘ജെമിനി സ്പാർക്’?
ഗൂഗിൾ അവതരിപ്പിച്ചതിൽ വെച്ച് ഏറ്റവും ശ്രദ്ധേയമായ ഫീച്ചറാണ് ജെമിനി സ്പാർക്. ഉപഭോക്താവ് ഫോൺ ലോക്ക് ചെയ്താലോ ലാപ്ടോപ്പ് ഓഫാക്കിയാലോ പോലും ക്ലൗഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്പാർക് പശ്ചാത്തലത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കും. ജിമെയിൽ, ഗൂഗിൾ ഡോക്സ് തുടങ്ങിയ ആപ്പുകളുമായി ഇത് പൂർണ്ണമായും സംയോജിപ്പിച്ചിരിക്കുന്നു.
സ്വയം പ്രവർത്തിക്കുന്ന സംവിധാനം: എല്ലാ മാസവും വരുന്ന ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെന്റുകൾ സ്വയം പരിശോധിച്ച് അധികമായി ഈടാക്കിയ തുകകൾ കണ്ടെത്താൻ ഇതിന് സാധിക്കും.
വർക്ക്ഫ്ലോകൾ നിർമ്മിക്കാം: മീറ്റിംഗുകളുടെ കുറിപ്പുകളും ഇമെയിലുകളും പരിശോധിച്ച് അവ ചുരുക്കി ഒരു ഗൂഗിൾ ഡോക്യുമെന്റ് തയ്യാറാക്കാനും, പ്രോജക്റ്റുകൾ ആരംഭിക്കുന്നതിനുള്ള ഇമെയിൽ ഡ്രാഫ്റ്റുകൾ സ്വയം തയ്യാറാക്കാനും സ്പാർക്കിന് കഴിയും.
പുതിയ കഴിവുകൾ: കുട്ടികളുടെ സ്കൂളിൽ നിന്ന് വരുന്ന ഇമെയിലുകൾ കൃത്യമായി പരിശോധിച്ച് പ്രധാനപ്പെട്ട തീയതികളും വിവരങ്ങളും മാത്രം അടങ്ങിയ ഒരു ഡയറക്റ്റ് ഡൈജസ്റ്റ് തയ്യാറാക്കി മാതാപിതാക്കൾക്ക് അയക്കാൻ ഇതിനെ പഠിപ്പിച്ചെടുക്കാവുന്നതാണ്. ക്യാൻവ, ഓപ്പൺടേബിൾ തുടങ്ങിയ ആപ്പുകളുമായും സ്പാർക് ബന്ധിപ്പിക്കാം.
ജെമിനി ഓംനിയും ന്യൂറൽ എക്സ്പ്രസീവും
എഴുതിയ വരികളോ ചിത്രങ്ങളോ നൽകിയാൽ അവയെ ഉയർന്ന നിലവാരമുള്ള സിനിമാറ്റിക് വീഡിയോകളാക്കി മാറ്റാൻ സഹായിക്കുന്ന മോഡലാണ് ‘ജെമിനി ഓംനി’ (Gemini Omni). ഇതിലൂടെ സാധാരണക്കാർക്ക് പോലും എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളുടെ സഹായമില്ലാതെ പശ്ചാത്തലങ്ങൾ മാറ്റാനും മികച്ച വീഡിയോകൾ നിർമ്മിക്കാനും സാധിക്കും. ഉപയോക്താവിന്റെ ശബ്ദത്തിലും രൂപത്തിലുമുള്ള എഐ അവതാറുകളും ഇതിലൂടെ നിർമ്മിക്കാം. ജെമിനിയുടെ രൂപഭാവങ്ങൾ പൂർണ്ണമായും മാറ്റിക്കൊണ്ടുള്ള പുതിയ ഡിസൈൻ ശൈലിയാണ് ‘ന്യൂറൽ എക്സ്പ്രസീവ്’ (Neural Expressive). ഇനിമുതൽ വലിയ ടെക്സ്റ്റുകൾക്ക് പകരം ചിത്രങ്ങളും ടൈംലൈനുകളും ഗ്രാഫിക്സുകളും അടങ്ങിയ മറുപടികളാകും ജെമിനി നൽകുക. കൂടാതെ ആപ്പിളിന്റെ മാക് ഒഎസിനായുള്ള (macOS) ഡെസ്ക്ടോപ്പ് ആപ്പും ഗൂഗിൾ പുറത്തിറക്കിയിട്ടുണ്ട്. സ്പാർക് ഉൾപ്പെടെയുള്ള ഫീച്ചറുകൾ വരും ആഴ്ചകളിൽ ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങും.