
Visa Sponsorship Issue; യുഎഇയിലെ പ്രവാസികൾക്ക് വലിയ ആശ്വാസമേകുന്ന പുതിയ ഓൺലൈൻ സേവനവുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA). താമസവീസയുമായും സ്പോൺസർഷിപ്പുമായും ബന്ധപ്പെട്ട് ഉണ്ടാകുന്ന വിവിധ തർക്കങ്ങൾക്കും പരാതികൾക്കും ഇനി മുതൽ ഓൺലൈൻ വഴി എളുപ്പത്തിൽ പരിഹാരം കണ്ടെത്താം. ഓഫിസുകൾ നേരിട്ട് കയറിയിറങ്ങാതെ തന്നെ പരാതികൾ സമർപ്പിക്കാനും നടപടികൾ വേഗത്തിലാക്കാനും ഈ ഡിജിറ്റൽ സംവിധാനം സഹായിക്കും. ദുബായിലെ റെസിഡൻസ് വീസ സംബന്ധിച്ച പ്രതിസന്ധികൾ, സ്പോൺസറും സ്പോൺസർ ചെയ്യപ്പെട്ട വ്യക്തിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ എന്നിവയ്ക്കാണ് ഈ സേവനം പ്രയോജനപ്പെടുക. തർക്കങ്ങളുമായി ബന്ധപ്പെട്ട അനുബന്ധ രേഖകൾ ഓൺലൈനായി അപ്ലോഡ് ചെയ്യാനും, അപേക്ഷയുടെ പുരോഗതി സ്വയം നിരീക്ഷിക്കാനും സാധിക്കും.
അപേക്ഷിക്കേണ്ട വിധം
- ജിഡിആർഎഫ്എ ദുബായുടെ ഔദ്യോഗിക പോർട്ടൽ (smart.gdrfad.gov.ae) സന്ദർശിക്കുക.
- സർവീസുകളുടെ പട്ടികയിൽ നിന്ന് വീസ തർക്ക പരിഹാര സേവനം തിരഞ്ഞെടുക്കുക.
- നൽകിയിരിക്കുന്ന നിർദേശങ്ങൾ പരിശോധിച്ച് വ്യക്തിഗത വിവരങ്ങളും ആവശ്യമായ രേഖകളും കൃത്യമായി അപ്ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കുക.
- അപേക്ഷയുടെ സ്വഭാവവും നിയമപരമായ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും ബന്ധപ്പെട്ട വകുപ്പ് തുടർനടപടികൾ സ്വീകരിക്കുക.
പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പരാതിയുടെ സ്വഭാവം, നിയമസാധുത, ബന്ധപ്പെട്ട വകുപ്പിന്റെ അധികാരപരിധി എന്നിവയ്ക്ക് അനുസരിച്ചായിരിക്കും ഓരോ അപേക്ഷയിലെയും തീർപ്പും സമയപരിധിയും. അതിനാൽ എല്ലാ പ്രശ്നങ്ങൾക്കും ഒരേ രീതിയിലുള്ള പരിഹാരമോ ഉടനടി നടപടിയോ പ്രതീക്ഷിക്കരുത്. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി ആവശ്യമായ എല്ലാ രേഖകളും കയ്യിലുണ്ടെന്ന് ഉറപ്പുവരുത്തുക. പോർട്ടലിലെ ഔദ്യോഗിക നിബന്ധനകൾ കൃത്യമായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്കായി GDRFA ദുബായുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഹെൽപ്പ്ലൈൻ വഴിയോ ബന്ധപ്പെടാവുന്നതാണ്.