കടലിൽ ഒഴുകിനടക്കുന്നത് ആയിരക്കണക്കിന് ഐഫോണുകളോ? ഹോർമുസിൽ ചരക്കുകപ്പൽ മുങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തരംഗം!

iPhones floating Strait of Hormuz; ഗൾഫ് മേഖലയിലെ സമുദ്ര സുരക്ഷയെ കടുത്ത ആശങ്കയിലാഴ്ത്തി തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം വൻ കണ്ടെയ്നർ കപ്പൽ മുങ്ങി. സിംഗപ്പൂർ പതാക വഹിച്ച ‘ജി.എഫ്.എസ് പ്രൈഡ്’ എന്ന ചരക്കുകപ്പലാണ് തീപിടിത്തത്തെ തുടർന്ന് കടലിൽ താഴ്ന്നത്. അപകടം നടക്കുമ്പോൾ കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെയും പരിക്കുകളേതുമില്ലാതെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി സിംഗപ്പൂർ മാരിടൈം ആൻഡ് പോർട്ട് അതോറിറ്റി സ്ഥിരീകരിച്ചു.

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കവെ കപ്പൽ ആക്രമിക്കപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. അന്താരാഷ്ട്ര സുരക്ഷാ മാർഗനിർദേശങ്ങൾ ലംഘിച്ച് സഞ്ചരിച്ച കപ്പൽ കടലിലെ മൈനിൽ തട്ടിയാണ് അപകടമുണ്ടായതെന്നും, ഇതേത്തുടർന്നുണ്ടായ തീപിടിത്തമാണ് കപ്പൽ മുങ്ങാൻ കാരണമായതെന്നും ഇറാന്റെ റെവല്യൂഷണറി ഗാർഡ് അവകാശപ്പെടുന്നു. എന്നാൽ, മിസൈലോ ഡ്രോണോ പോലുള്ള അജ്ഞാത പ്രൊജക്ടൈൽ പതിച്ചാണ് കപ്പൽ തകർന്നതെന്നാണ് രാജ്യാന്തര സമുദ്ര സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ. അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് ഇതുവരെ സ്വതന്ത്രമായ സ്ഥിരീകരണം വന്നിട്ടില്ല.

കപ്പൽ മുങ്ങിയതിന് പിന്നാലെ കടലിൽ നൂറുകണക്കിന് കണ്ടെയ്നറുകളും ചരക്കുകളും ഒഴുകിനടക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. പെട്ടികൾ പൊട്ടി ആയിരക്കണക്കിന് ഐഫോണുകളും മറ്റ് വിലപിടിപ്പുള്ള ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളും കടലിൽ ഒഴുകിനടക്കുന്നുവെന്നും, ബോട്ടുകളിലെത്തിയ പ്രദേശവാസികൾ ഇവ ശേഖരിക്കാൻ മത്സരിക്കുന്നുവെന്നുമുള്ള അവകാശവാദങ്ങളാണ് വീഡിയോകൾക്കൊപ്പമുള്ളത്. എന്നാൽ, പ്രചരിക്കുന്ന ദൃശ്യങ്ങളിലെ പെട്ടികളിൽ യഥാർത്ഥത്തിൽ ഐഫോണുകൾ തന്നെയാണോ ഉണ്ടായിരുന്നതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കപ്പലിൽ കൊണ്ടുപോയ കാർഗോ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ലാത്തതിനാൽ, ഇത്തരം അവകാശവാദങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഹോർമുസ് കടലിടുക്കിന് സമീപം 24 മണിക്കൂറിനിടെ മുങ്ങുന്ന രണ്ടാമത്തെ കപ്പലാണിത്. ജി.എഫ്.എസ് പ്രൈഡിന് പുറമെ, ആന്റിഗ്വ ആൻഡ് ബാർബുഡ പതാകയുള്ള ‘കേപ് ദാവോ’എന്ന ഡ്രൈ ബൾക്ക് കാരിയറും കഴിഞ്ഞ ദിവസം കടലിൽ മുങ്ങിയിരുന്നു. സെപ്റ്റംബർ 23-ന് ഉണ്ടായ ആക്രമണത്തിൽ തകരാറിലായ ഈ കപ്പലിലെ ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടിരുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ-വാതക വ്യാപാര നാവികപാതയാണ് ഹോർമുസ് കടലിടുക്ക്. ലോകത്തിലെ ക്രൂഡ് ഓയിൽ വിതരണത്തിന്റെ പ്രധാന പങ്ക് വഹിക്കുന്ന ഈ മേഖലയിൽ ചരക്കുകപ്പലുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ ആഗോള ഊർജവിപണിയെയും ചരക്കുകടത്ത് നിരക്കിനെയും സാരമായി ബാധിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Job Malayali - WordPress Theme by WPEnjoy