
engineer killed Riyadh airport missile attack; കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാനുള്ള കാത്തിരിപ്പിനിടെ റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ഹൂതി മിസൈൽ ആക്രമണത്തിൽ ഹൈദരാബാദ് സ്വദേശിയായ ഐടി എൻജിനീയർക്ക് ദാരുണാന്ത്യം. ഹൈദരാബാദ് മെഹ്ദിപട്ടണം സ്വദേശി മുഹമ്മദ് യൂസഫ് അലി (46) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ രണ്ട് ആൺമക്കൾക്ക് ഗുരുതരമായി പരുക്കേറ്റു. കഴിഞ്ഞ പത്ത് വർഷമായി റിയാദിൽ ഐടി എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്ന യൂസഫ് അലി, ഉംറ തീർഥാടനത്തിനായാണ് ഭാര്യയെയും മക്കളെയും ഏതാനും ദിവസങ്ങൾക്ക് മുൻപ് സൗദി അറേബ്യയിലേക്ക് കൊണ്ടുവന്നത്. മക്കയിലെ കർമങ്ങൾക്ക് ശേഷം പുണ്യനഗരമായ മദീനയിലേക്കുള്ള ആഭ്യന്തര വിമാനത്തിൽ കയറാനായി കുടുംബത്തോടൊപ്പം വിമാനത്താവളത്തിലെ ലോഞ്ചിൽ കാത്തിരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിത ദുരന്തം.
യെമനിലെ ഹൂതി വിമതർ വിമാനത്താവളത്തിന് നേരെ തൊടുത്തുവിട്ട മിസൈൽ പതിച്ചതിനെ തുടർന്ന് ടെർമിനലിന്റെ മേൽക്കൂര തകരുകയും, മിസൈലിന്റെ അവശിഷ്ടങ്ങളും കോൺക്രീറ്റ് പാളികളും കാത്തിരിപ്പ് കേന്ദ്രത്തിലുണ്ടായിരുന്ന യൂസഫ് അലിയുടെയും കുടുംബത്തിന്റെയും മേൽ പതിക്കുകയുമായിരുന്നു അതീവ ഗുരുതരമായി പരുക്കേറ്റ അലിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി റിയാദിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണത്തിൽ യൂസഫ് അലിയുടെ മൂത്ത മകൻ അമൻ അലിക്ക് (18) കാൽമുട്ടിന് സാരമായ പരുക്കേറ്റതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. രണ്ടാമത്തെ മകൻ വാസി അലിയുടെ (16) കാലിലെ മൂന്ന് വിരലുകൾ നഷ്ടപ്പെട്ട നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർഥികളായ ഇരുവരും ഹൈദരാബാദിലാണ് പഠിക്കുന്നത്. അലിയുടെ ഭാര്യ സമീറയും ആറാം ക്ലാസ് വിദ്യാർഥിനിയായ 11 വയസ്സുകാരി മകൾ മർയമും നിസ്സാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
മരണവാർത്തയറിഞ്ഞ് ഹൈദരാബാദിലെ മെഹ്ദിപട്ടണത്തുള്ള അലിയുടെ വസതിയിൽ ബന്ധുക്കളും സുഹൃത്തുക്കളും തടിച്ചുകൂടി. ഉംറ നിർവഹിക്കാൻ വലിയ ആഗ്രഹത്തോടെ എത്തിയ പ്രിയപ്പെട്ടവന്റെ വിയോഗം നാടിനെയും കണ്ണീരിലാഴ്ത്തി. കുടുംബത്തിന്റെ സാന്നിധ്യത്തിൽ യൂസഫ് അലിയുടെ മയ്യിത്ത് റിയാദിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി. പരുക്കേറ്റ കുടുംബാംഗങ്ങൾക്ക് എംബസി വഴി ആവശ്യമായ എല്ലാ സഹായങ്ങളും നൽകി വരികയാണെന്ന് അധികൃതർ അറിയിച്ചു.