AI Wearable Gadgets;സ്വപ്നങ്ങളുടെ കടിഞ്ഞാൺ ഇനി നിങ്ങളുടെ കയ്യിൽ; സ്വപ്നങ്ങളെ നിയന്ത്രിക്കാൻ എഐ വെയറബിൾ ഗാഡ്‌ജെറ്റുകൾ വിപണിയിലേക്ക്

AI Wearable Gadgets; ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഇന്ന് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ കുറവാണ്. കോഡിംഗ് ചെയ്യാനും ലേഖനങ്ങൾ എഴുതാനും നിങ്ങളുടെ ഓഫീസിലെ ജോലികൾ എളുപ്പമാക്കാനും എഐക്ക് സാധിക്കും. എന്നാൽ നിങ്ങളുടെ സ്വപ്നങ്ങളെ നിയന്ത്രിക്കാൻ എഐക്ക് കഴിയുമോ? ‘പ്രോഫെറ്റിക്’ (Prophetic AI) എന്ന സ്റ്റാർട്ടപ്പ് കമ്പനി പറയുന്നത് സാധിക്കുമെന്നാണ്. ഉറക്കത്തിനിടയിൽ കാണുന്ന സ്വപ്നങ്ങളെ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റാൻ സഹായിക്കുന്ന പുതിയ വെയറബിൾ ഗാഡ്‌ജെറ്റുകൾ കമ്പനി അവതരിപ്പിച്ചു. ഏകദേശം 42,300 രൂപ (449 ഡോളർ) മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.

‘ഡ്യുവൽ’ (Dual), ‘ഫേസ്’ (Phase) എന്നിങ്ങനെ പേരിട്ടിരിക്കുന്ന രണ്ട് ഉപകരണങ്ങളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. തലയിൽ ധരിക്കാവുന്ന ഒരു ബാൻഡ് പോലെയാണ് ഇതിന്റെ രൂപം. ‘ലൂസിഡ് ഡ്രീമിംഗ്’ (Lucid Dreaming) എന്ന അവസ്ഥ തലച്ചോറിൽ കൃത്രിമമായി സൃഷ്ടിക്കുകയാണ് ഈ ഉപകരണം ചെയ്യുന്നത്. നാം സ്വപ്നം കാണുകയാണെന്ന് നമുക്ക് തന്നെ ബോധ്യമുള്ളതും, ആ സ്വപ്നത്തിലെ കാര്യങ്ങളെ നിയന്ത്രിക്കാൻ സാധിക്കുന്നതുമായ അവസ്ഥയെയാണ് ‘ലൂസിഡ് ഡ്രീമിംഗ്’ എന്ന് വിളിക്കുന്നത്. നമ്മുടെ നെറ്റിയിലൂടെ തലച്ചോറിലെ ‘പ്രീഫ്രണ്ടൽ കോർട്ടെക്സിലേക്ക്’ (Prefrontal Cortex) സുരക്ഷിതമായ അൾട്രാസോണിക് തരംഗങ്ങൾ അയച്ചാണ് ഈ ഉപകരണം പ്രവർത്തിക്കുന്നത്. സാധാരണ ഉറക്കത്തിൽ നിഷ്ക്രിയമായിരിക്കുന്ന തലച്ചോറിലെ ചില ഭാഗങ്ങളെ (frontoparietal network) ഈ തരംഗങ്ങൾ ഉത്തേജിപ്പിക്കും. ഇതോടെ സ്വപ്നം കാണുന്ന സമയത്ത് തന്നെ അത് സ്വപ്നമാണെന്ന ബോധം വ്യക്തിക്ക് ലഭിക്കുന്നു. ഇലോൺ മസ്കിന്റെ ‘ന്യൂറാലിങ്ക്’ ചിപ്പുകളിൽ ഉപയോഗിക്കുന്നതിന് സമാനമായ ഇഇജി (EEG) സെൻസറുകൾ ഈ ഉപകരണത്തിലുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ സഹായിക്കും.

‘പ്രോഫെറ്റിക് ഡ്യുവൽ’ എന്ന മോഡലിന് ഏകദേശം 43,200 രൂപയാണ് (449 ഡോളർ) വില. ഇതിന്റെ വിതരണം ഈ വർഷം അവസാനം ആരംഭിക്കും. കൂടുതൽ സാങ്കേതിക സൗകര്യങ്ങളുള്ള ‘പ്രോഫെറ്റിക് ഫേസ്’ 2027 പകുതിയോടെ മാത്രമേ വിപണിയിലെത്തുകയുള്ളൂ. ഇതിന് ഏകദേശം 1.22 ലക്ഷം രൂപയാകും വില. സ്വപ്നങ്ങളെ നിയന്ത്രിക്കാമെന്ന ഈ അവകാശവാദം ശാസ്ത്രീയമായി പൂർണ്ണമായും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും, സാങ്കേതിക ലോകത്ത് വലിയ ചർച്ചകൾക്കാണ് ഈ ഗാഡ്‌ജെറ്റ് തുടക്കമിട്ടിരിക്കുന്നത്. ഇനി രാത്രിയിൽ എന്ത് സ്വപ്നം കാണണമെന്ന് ഉറങ്ങുന്നതിന് മുൻപ് തന്നെ നിങ്ങൾക്ക് തീരുമാനിക്കാം!

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Job Malayali - WordPress Theme by WPEnjoy